District News
തിരുവല്ല: മൂന്നു ദിവസങ്ങളിലായി ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ,തിരുമൂലപുരം എസ് എൻവി ഹൈസ്കൂൾ, തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ, തിരുമൂലവിലാസം യുപി സ്കൂൾ, തിരുവല്ല എസ് സിഎസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ആയി നടന്നുവന്ന ജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു.
സമാപന സമ്മേളനവും അതോടനുബന്ധിച്ചുള്ള ട്രോഫി വിതരണവും ഇന്നലെ നടന്നില്ല. വേദിയിൽ ഫലപ്രഖ്യാപനവും നടന്നില്ല.
സംഘാടകരുടെ പിഴവാണ് ഇതിനു കാരണമെന്ന് മത്സരാർഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി. മറ്റൊരു ദിവസം സമ്മാനദാനം നടക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
സമാപന സമ്മേളനത്തിനു വേണ്ടി ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികൾ എത്താതിരുന്നതിനാലാണ് സമ്മാനദാനവും നടക്കാതെ പോയതെന്ന് പറയുന്നു. ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങും ശുഷ്കമായിരുന്നു. ജില്ലയിലെ മന്ത്രി, എംപി, എംഎൽഎമാർ ഇവരുടെയൊക്കെ പേരുകൾ നോട്ടീസിൽ ഉണ്ടായിരുന്നെങ്കിലും ആരും വന്നില്ല. ജില്ലാ സ്കൂൾകായിക മേള നടക്കുന്പോഴും ജനപ്രതിനിധികളുടെ സാന്നിധ്യം പരിമിതപ്പെട്ടിരുന്നു.
District News
കുറവിലങ്ങാട്: ശാസ്ത്രവും അറിവും സമന്വയിപ്പിച്ച് ജില്ലാതല സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. രണ്ട് ദിനങ്ങൾ നീളുന്ന അറിവുത്സവത്തിൽ 13 ഉപജില്ലകളിൽനിന്ന് മൂവായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കുമെന്ന് ശാസ്ത്രോത്സവം പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ജോബി വർഗീസ്, സാജു ഏബ്രഹാം, അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി മത്സരങ്ങൾക്ക് ആതിഥ്യമരുളുന്ന സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ റോസ് എന്നിവർ പറഞ്ഞു.
സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഗേൾസ് എൽപി സ്കൂൾ, ബോയ്സ് എൽപി സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രവൃത്തിപരിചയമേളയിലേതുപോലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളിലും തത്സമയപ്രവർത്തനങ്ങളാണ് നടത്തേണ്ടത്. മൂന്നു മണിക്കൂർ നീളുന്ന മത്സരത്തിലൂടെ സംസ്ഥാനതല മത്സരാർഥികളെ തെരഞ്ഞെടുക്കും.
പ്രവൃത്തിപരിചയ മേളയിൽ മാത്രം 35 ഇനങ്ങളിലായി 910 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേളയിൽ 30 ഇനങ്ങളിലായി 600 വിദ്യാർഥികളും ഐടിയിൽ 13 ഇനങ്ങളിലായി 340 പേരും പങ്കെടുക്കും.
ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപിയും സമാപനസമ്മേളനം ഉദ്ഘാടനം ജോസ് കെ. മാണി എംപിയും നിർവഹിക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ലോഗോ രൂപകല്പന ചെയ്തയാൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മാനം നൽകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ, സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവർ പ്രസംഗിക്കും.
മത്സരാർഥികൾക്ക് ആവേശമായി
വിളിപ്പാടകലെ ശാസ്ത്രനഗരി
കുറവിലങ്ങാട്: ജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തിരിതെളിയുമ്പോൾ വിജ്ഞാനവും വിനോദവും സമ്മാനിക്കുന്ന ശാസ്ത്രനഗരി വിളിപ്പാടകലെ. ശാസ്ത്രോത്സവത്തിന് ആതിഥ്യമരുളുന്ന സെന്റ് മേരീസ് സ്കൂളുകളിൽനിന്ന് രണ്ട് കിലോമീറ്ററിൽ താഴെമാത്രം ദൂരത്തിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി. വിദ്യാർഥികളടക്കമുള്ള നൂറുകണക്കായ ശാസ്ത്രാഭിരുചിയുള്ളവർക്ക് പഠനവും പരീക്ഷണങ്ങളും നടത്താനുള്ള സൗകര്യങ്ങൾ സയൻസ് സെന്ററിൽ ലഭ്യമാണ്.
District News
കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേളയും വൊക്കേഷണൽ സ്കിൽ ഫെസ്റ്റും നാളെ കോതമംഗലത്ത് ആരംഭിക്കും. നാളെ രജിസ്ട്രേഷനും 31, ഒന്ന് തീയതികളിൽ മത്സരങ്ങളും നടക്കും.
എറണാകുളം, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ വിദ്യാർഥികളുടെ വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശാസ്ത്രമേള കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലും പ്രവൃത്തിപരിചയ ഐടി മേളകൾ മാർ ബേസിൽ എച്ച്എസ്എസിലും, സാമൂഹ്യ ശാസ്ത്രമേള ശോഭന എച്ച്എസിലും ഗണിത ശാസ്ത്ര മേള സെന്റ് അഗസ്റ്റ്യൻസ് എച്ച്എസ്എസിലും നടക്കും.
31 ന് രാവിലെ 10ന് മേളയുടെ ഉദ്ഘാടനം സെന്റ് അഗസ്റ്റ്യൻസ് സ്കൂളിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ സമ്മാനദാനം നിർവഹിക്കും. രണ്ട് ദിവസമായി നടക്കുന്ന മേളയിൽ എണ്ണായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. മത്സരവേദികളിൽ തന്നെ മത്സരാർഥികൾക്കുള്ള ഭക്ഷണ സൗകര്യവും ഏർപ്പെടുത്തും.
ഉച്ചവരെ മത്സരങ്ങളും ശേഷം പ്രദർശനവും നടക്കും. മേളയ്ക്കുള്ള ഒരുക്കൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ആന്റണി ജോൺ എംഎൽഎ, ജില്ലാ വിദ്യാഭ്യസ ഓഫീസർ സുബിൻ പോൾ, പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ, സുനിത രമേശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
District News
വൈക്കം:കുരുന്നുകളുടെ ഭാവനയും പ്രതിഭാവിലാസവും കരവിരുതും സമന്വയിച്ച നിർമിതികളാൽ ശ്രദ്ധേയമായി വൈക്കം ഉപജില്ലാ ശാസ്ത്രോത്സവം. കളിമണ്ണിലും മുളയിലും മെറ്റലിലും തുണിയിലുമടക്കം കുട്ടികൾ തീർത്ത നിർമിതികൾ മുതിർന്നവരെയും വിസ്മയഭരിതരാക്കി.
കുലശേഖരമംഗലം ഗവൺമെന്റ് ഹയര് സെക്കന്ഡറി സ്കൂൾ, കുലശേഖരമംഗലം ഗവൺമെന്റ് എല്പി സ്കൂൾ എന്നിവടങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ വൈക്കം ഉപജില്ലയിലുള്ള 69 സ്കൂളുകളിലെ എല്പി വിഭാഗം മുതല് ഹയര് സെക്കന്ഡറിതലം വരെയുള്ള 2500 വിദ്യാര്ഥികള് മേളയിൽ പങ്കെടുത്തു.
സി.കെ. ആശ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും വിദ്യാർഥികളുടെ സൃഷ്ടികൾ കാണാൻ എത്തിയതോടെ ശാസ്ത്രമേള ഉത്സവസാന്ദ്രമായി.